
69-ആമത് ശോഭ ഫിലിം ഫെയർ അവാർഡ്‌സിൽ മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2022 ഡിസംബർ 12ന് തിയറ്റർ റിലീസ് ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‍കാരം മമ്മൂട്ടിക്ക് ലഭിച്ചത്. ഇത് മമ്മൂട്ടിയുടെ 15-ാമത്തെ ഫിലിം ഫെയർ അവാർഡാണ്. 1980 മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഇന്ത്യൻ നടനാണ് മമ്മൂട്ടി.

മലയാളത്തിലെ മികച്ച നടിയായ് തിരഞ്ഞെടുത്തത് വിൻസി അലോഷ്യസിനെയാണ്, ചിത്രം ‘രേഖ’. 2023 ഫെബ്രുവരി 10ന് പുറത്തിറങ്ങിയ ‘രേഖ’ ജിതിൻ ഐസക് തോമസാണ് സംവിധാനം ചെയ്തത്. രേഖയായ് വിൻസി അലോഷ്യസ് പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ നായക കഥാപാത്രത്തെ ഉണ്ണിലാലാണ് അവതരിപ്പിച്ചത്.

മികച്ച മലയാള ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം ‘2018: എവരിവൺ ഇസ് എ ഹീറോ’ എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫ് കരസ്ഥമാക്കി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം 2023 മേയ് 5നാണ് തിയറ്റർ റിലീസ് ചെയ്തത്.

‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ ‘മുറ്റത്തേ മുല്ലേ’ ഗാനം ആലപിച്ചതിലൂടെ മികച്ച ഗായികക്കുള്ള പുരസ്കാരം കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്രയെ തേടിയെത്തി. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഗാനത്തിന് ഫോർ മ്യൂസിക്സാണ് സംഗീതം പകർന്നത്. നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം 2023 മാർച്ച് 31നാണ് തിയറ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരാണ്.
