
കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വയനാട് ഉരുൾപൊട്ടൽ എത്രപേരുടെ ജീവനാണ് കവർന്നെടുത്തതെന്ന് ഇപ്പോഴും തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. തിരച്ചിലുകൾ ശക്തമായി തുടരുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സഹായം ആവശ്യമാണ്. ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരേണ്ടതുണ്ട്. കേരളീയർ ഒന്നടങ്കം ഒരുമിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങളുടെ സംഭാവനയാണ് സിനിമാതാരങ്ങൾ നൽകിയത്.




തമിഴ് താരം വിക്രം സംഭാവന നൽകിയത് 20 ലക്ഷം രൂപയാണ്. തൊട്ടുപിന്നാലെ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷവും നാഷണൽ ക്രഷ് രശ്മിക മന്ദാന 10 ലക്ഷവും നൽകി. മമ്മൂട്ടിയും ദുൽഖറും ആദ്യഘട്ട സഹായമായ് 35 ലക്ഷം രൂപ കൈമാറിയപ്പോൾ ഫഹദിൻ്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുള്ള ‘ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്’ എന്ന നിർമ്മാണ കമ്പനി 25 ലക്ഷം രൂപ നൽകി. ഉലകനായകൻ കമലഹാസനും മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്കായ് 25 ലക്ഷം രൂപ നൽകി. നയൻതാരയും വിഘ്നേഷും ചേർന്ന് 20 ലക്ഷം രൂപ നൽകി. 5 ലക്ഷം രൂപയുടെ സംഭാവന നൽകി പേളി മാണിയും രംഗത്തെത്തി. ആസ്‌ഫ് അലിയും വലിയൊരു തുക സംഭാവന നൽകിയിട്ടുണ്ട്. നൽകിയ തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.




സിനിമ താരങ്ങൾ മാത്രമല്ല സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളാലാവുന്ന തുക വയനാട്ടിലെ മുണ്ടക്കൈ-ചൂർൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ പുരധിവാസ പ്രവർത്തനങ്ങൾക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്.

