
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റിനൻ്റ് കേണൽ കൂടിയായ മോഹൻലാൽ സൈനികർക്കൊപ്പമാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ സംഭാവന നൽകിയ താരം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധേയമാണ് .

ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തിന് ഞാൻ സല്യൂട്ട് ചെയ്യുന്നു എന്നാണ് താരം തൻ്റെ സോഷ്യൽ മീഡിയ ഹാൻഡ്‌ട്രിലുകളിൽ കുറിച്ചത്.ദുരിത ബാധിത മേഖലയായ പുഞ്ചിരി, മുണ്ടക്കൈ, മേപ്പാടി, ചുരൽ മല സന്ദർശിച്ചു. ടെറിറ്റോറിയൽ ആർമിയിലെ സൈനികർക്ക് ഒപ്പമാണ് ലെഫ്റ്റനൻ്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിതമേഖലയിൽ എത്തിയത്.താരത്തിനൊപ്പം സംവിധായകനും നടനുമായ മേജർ രവിയും ഒപ്പമുണ്ട്. ബേയാലിപാലത്തിൻ്റെ പണി പൂർത്തിയാക്കിയ സൈനികരെ മോഹൻലാൽ അഭിനന്ദിച്ചു. ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാര്യമാണ് കഴിഞ്ഞ ദിവസം മുതൽ കാണുന്നത്. എല്ലാവർക്കും പ്രചോദനമാകുവാനാണ് വയനാട്ടിൽ എത്തിയത് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ വയനാട്ടിലെ പുനരധിവാസത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചു. നേരിട്ട് കാണുമ്പോഴാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസിലാവുകയുള്ളു എന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടെയിക്കെയിലെ എൽപി സ്കൂൾ വിശ്വശാന്തിയുടെ നേതൃത്വത്തിൽ പുനർനിർമാണം നടത്തുമെന്ന് മേജർ രവി പറഞ്ഞു.

