
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ചിലരുടെ പ്രതിച്ഛായക്ക് വലിയ രീതിയിലാണ് കോട്ടം തട്ടിയിരിക്കുന്നത്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അന്വേക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് മുന്നേ താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു. പുതിയ ഭരണസമിതിയെ രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി തെരഞ്ഞെടുക്കും. രാജിക്ക് മുന്നേ മോഹൻലാൽ മമ്മൂട്ടിയുമായ് സംസാരിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. രാജിയാണ് നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനം.

ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘടനയുടെ താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. സംഘടനയുടെ നിയമാവലി പ്രകാരം നിലവിലുള്ള എക്സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാകും അഡ്ഹോക് കമ്മിറ്റിയിലും ഉണ്ടാവുക. രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്ന പുതിയ ഭരണസമിതിയിൽ മോഹൻലാൽ ഉൾപ്പടെ നിലവിലുള്ള ആരും ഭാരവാഹിത്വത്തിൽ ഉണ്ടാവില്ല.

2023 ജൂണിലാണ് മോഹൻലാൽ നേതൃത്വം വഹിച്ച ‘അമ്മ’ പുതിയ ഭരണസമിതിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയിൽ കൂട്ടരാജി ഉണ്ടാകുന്നത്.
