അമൽ നീരദിനൊപ്പം നിസ്താറിൻ്റെ ഹാട്രിക്ക്.

0
60

വരത്തനും ഭീഷ്മപർവ്വവും പിന്നെ വ്യാഴാഴ്ച്ച ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ’.

ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എൻ്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൻ, അയാളാണ് ദേ നില്ക്കുന്നത്. ” ബൊഗെയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തൻ്റേതെന്ന് നിസ്താർ പറയുന്നു. രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമൽ നീരദ് വിശദീകരിച്ചത്.

ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്താണ് നിസ്താറിന് അമൽ നീരദിൻ്റെ ഫോൺ വന്നത്. “നമ്മുടെ അടുത്ത പ്രോജക്ടിൽ നിസ്താറിക്ക ഒരു ക്യാരക്ടർ ചെയ്യണം. അത് വന്ന് ചെയ്തേ പറ്റൂ”. “ചെയ്യാം അതിന് വേറെ ബുദ്ധിമുട്ടൊന്നുമി”ല്ലെന്ന് നിസ്താർ പറഞ്ഞപ്പോൾ “അല്ല ക്യാരക്ടർ അറിയണ്ടേ “യെന്നായി അമലിൻ്റെ ചോദ്യം. ” ആവശ്യമുണ്ടെങ്കിലല്ലേ എന്നെ വിളിക്കൂ. അല്ലെങ്കിൽ വിളിക്കില്ലല്ലോ”യെന്നായിരുന്നു അമലിൻ്റെ ചോദ്യത്തിനുള്ള നിസ്താറിൻ്റെ മറുപടി.

‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’ ഒറ്റ വാചകത്തിൽ അമൽ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന വല്ലാത്തൊരു സൗഹൃദമാണ് താനും അമലും തമ്മിലെന്ന് നിസ്താർ പറയുന്നു. വരത്തനിലൂടെയാണ് നിസ്താർ അമലിൻ്റെ ക്യാംപിലെത്തുന്നത്. രചയിതാക്കളായ സുഹാസും ഷറഫുവുമാണ് അമലിനോട് നിസ്താറിനെപ്പറ്റി പറയുന്നത്. തനിക്ക് ആ കക്ഷിയെ അറിയില്ലല്ലോയെന്ന് അമൽ പറഞ്ഞപ്പോൾ സുഹാസും ഷറഫുവും ഒഴിവ് ദിവസത്തെ കളിയും കാർബണിലെ ഒരു സീനും പെൻഡ്രൈവിൽ കോപ്പി ചെയ്ത് അമലിനെ കാണിച്ചു. രണ്ടും കണ്ട അമൽ ഇയാൾ തന്നെ മതിയെന്നുറപ്പിക്കുകയും ചെയ്തു.

വരത്തൻ റിലീസായതിൻ്റെ പിറ്റേന്ന് നിസ്താറിനെ അമൽ വിളിച്ചു. “സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും ‘എൻ്റെ അച്ഛനും (അന്തരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ സി. ആർ. ഓമനക്കുട്ടൻ) ആ റോൾ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു”ണ്ടെന്ന് പറഞ്ഞു ഭീഷ്മ പർവ്വത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്ന ദിവസവും നിസ്താറിനെ അമൽ വിളിച്ചു “ഒന്ന് കാണണേ ” അന്ന് ആ ടീസർ കണ്ടതിൻ്റെ ഞെട്ടലും എക്സൈറ്റ്മെൻ്റും ഇന്നും മാറിയിട്ടില്ലെന്ന് നിസ്താർ പറയുന്നു.

‘കണ്ണിലെ ചിരിയും, ചിരിയിലെ ക്രൗര്യവും’. ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച ടൊവിനോ തോമസിൻ്റെ ത്രീഡി ചിത്രം അജയൻ്റെ രണ്ടാം മോഷണ (ARM) ത്തിലെ നിസ്താർ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാർ എന്ന വില്ലനെ കണ്ട് സഹൃദയനായ പ്രേക്ഷകരിലൊരാൾ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :” ആ ചിരിയിൽ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാൾ പിന്തുടരും”. ചാത്തുട്ടി നമ്പ്യാർ അപകടം പിടിച്ചൊരു കഥാപാത്രമായിരുന്നുവെന്ന് നിസ്താർ പറയുന്നു. “ആ പേരിൽത്തന്നെ അയാളുടെ മാടമ്പിത്തരവും ധാർഷ്ട്യവുമുണ്ട് പക്ഷേ പ്രേക്ഷകന് അങ്ങനെ ആദ്യമേ തോന്നാനും പാടില്ല. മകളോടുള്ള അമിത വാത്സല്യവും പണ്ട് ഒരു കീഴാളനിൽ നിന്ന് മേലാളനായ തനിക്ക് പന്തം കൊണ്ട് മുഖത്ത് (അഭിമാനത്തിനും) ഏറ്റ അടിയുടെ പകയും മാടമ്പിയെന്ന ധാർഷ്ട്യവുമൊക്കെ ചേർന്ന് സങ്കീർണ്ണതകളേറെയുള്ള കഥാപാത്രമാണ് ചാത്തുട്ടി നമ്പ്യാർ സ്ക്രിപ്ട് വായിക്കാതെയാണ് ഞാൻ അഭിനയിച്ചത്.

ഓരോ സീനും എടുക്കും മുൻപ് അതിൻ്റെ മുൻപും പിൻപും എന്താണ് സംഭവിക്കുകയെന്നും സീനിൻ്റെ മൂഡുമൊക്കെ സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നസ്യാരോടും ചോദിച്ച് മനസ്സിലാക്കുമായിരുന്നു. നമ്പ്യാരുടെ ഉളളിലെ പൊട്ടിത്തെറി പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ ഒതുക്കി നിറുത്തി പെർഫോം ചെയ്യാനാണ് ശ്രമിച്ചത്.

സൗബിൻ ഷാഹിർ നായകനാകുന്ന ആബേലാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ്റെ അച്ഛനായി മുഴുനീള വേഷമാണ് നിസ്താറിന് ‘സ്നേഹവാത്സല്യങ്ങളും കാർക്കശ്യവും അല്പം പിശുക്കുമൊക്കെയുള്ള ഒരച്ഛൻ’. സുരേഷ് ഗോപി നായകനായുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള (JSK) യാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ മറ്റൊരു ചിത്രം നവാഗതനായ പ്രവീൺ നാരായണനാണ് സംവിധായകൻ. മലയാളത്തിലും ഇതര ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താർ വേഷമിടുന്നുണ്ട്. “ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടി കാരണം വളരെ സൂക്ഷിച്ചേ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് നിസ്താർ.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here