‘നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്’. റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, തന്റെ പ്രിയപ്പെട്ട ‘ഇച്ചാക്ക’യായ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യുടെ പ്രീ-റിലീസ് ടീസർ പുറത്തിറക്കി മോഹൻലാൽ.
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗെയിമിന്റെ ത്രില്ലർ സ്വഭാവം ചിത്രത്തിലുടനീളം നിലനിർത്തിയാണ് അവതരണം.
എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, (ബ്രിഗ് ബി ഫെയിം) ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംഗീതം- സയിദ് അബ്ബാസ്, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ; പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.