വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍ റിലീസിന് മുന്‍പേ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
കേരളത്തില്‍ മാത്രം രാവിലെ 10ന് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ രാവിലെ 9 മുതല്‍ വന്നുവെന്ന് വിഷ്ണു ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. വിദേശ പ്രൊഫൈലുകളില്‍ നിന്നാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഇത് തിയറ്റര്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും വിഷ്ണു പറയുന്നു.
ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തീയറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നതെന്ന് വിഷ്ണു ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന്‍ പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തീയറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്ററുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തീയറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.