
1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത മാധവൻ നായർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസൻ, ജയറാം, മുകേഷ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായ് വേഷമിട്ട താരം നീണ്ട കാലയളവിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1992-ൽ പുറത്തിറങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായ് മലയാളത്തിൽ അഭിനയം ആരംഭിച്ച താരം ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനം കവർന്നത് ശ്രീനിവാസൻ നായകനായെത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെയാണ്. ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ ശ്യാമളയായാണ് സംഗീത വേഷമിട്ടത്. ശ്യാമളയെ പക്വതയോടെ കൈകാര്യം ചെയ്തതിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും സംഗീതയെ തേടി എത്തിയിരുന്നു. ആ കഥാപാത്രത്തെ അഭിനയിക്കുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ് ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ സംഗീത പറഞ്ഞത്. നാടോടി റിലീസ് ചെയ്ത് 32 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

ചെറു പ്രായത്തിൽ അഭിനയത്തിൽ തുടക്കമിട്ട സംഗീത സിനിമയിൽ സജ്ജീവമായ് നിൽക്കുമ്പോഴാണ് അപ്രതക്ഷ്യമായത്. ഛായാഗ്രാഹകൻ എസ് ശരവണനെയാണ് സംഗീത വിവാഹം ചെയ്തത്. ഭാര്യയും അമ്മയുമായതോടെ കുടുംബിനിയായി. 2014-ൽ പുറത്തിറങ്ങിയ ‘നഗര വാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിൽ വീണ്ടും ശ്രീനിവാസനോടൊപ്പം വേഷമിട്ട ശേഷം സിനിമയിൽ നിന്നും മാറിനിന്ന സംഗീത 2023-ൽ പുറത്തിറങ്ങിയ ‘ചാവേർ’ലൂടെ വൻ തിരിച്ചുവരവ് നടത്തി. വർഷങ്ങളുടെ നീണ്ട കാലയളവിനൊടുവിൽ പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രമായ് സ്ക്രീനിൻ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം നവംബർ 15 മുതൽ തിയറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനികളായ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിർമ്മാതാക്കൾ.
‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ‘ആനന്ദ് ശ്രീബാല’. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ പ്രമേയം. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
