കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രത്തില്‍ നിര്‍ണായക വേഷത്തിലെത്തിയ വാസന്തി ഇനി മമ്മൂട്ടിക്കൊപ്പം. വിക്രത്തില്‍ ഏജന്റ് ടീനയായി ശ്രദ്ധനേടിയ വാസന്തിയാണ് മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വാസന്തിയെത്തുക.
വര്‍ഷങ്ങളായി നൃത്ത രംഗത്ത് സജീവമാണ് വാസന്തി. വിജയ് നായകനായി എത്തിയ മാസ്റ്ററില്‍ നൃത്തസംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി പ്രവര്‍ത്തിക്കുമ്പോഴാണ് ലോകേഷ് വിക്രത്തിലേക്ക് വാസന്തിയെ തെരഞ്ഞെടുത്തത്. ഇത് വാസന്തിയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായി.
ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തമിഴ് താരം വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓപ്പറേഷന്‍ ജാന ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം. മനോജാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.