കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു. സംസ്‌കാരിക മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കഴിഞ്ഞ മെയ് 27നാണ് 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നായാട്ടിലെ പ്രകടനത്തിന് ജോജും ജോര്‍ജും ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും മികച്ച നടന്‍മാരായി. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് മികച്ച ജനപ്രിയ ചിത്രം. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.