
വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രമാണ് ലൈഗര്‍. ചിത്രത്തിന്റെ പ്രമോഷന്‍ തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയുടെ വേദിയില്‍ നിന്ന് വിജയ്യും നടി അനന്യ പാണ്ഡെയും ഇറങ്ങി പോകുന്ന സംഭവമുണ്ടായി. ആരാധകരുടെ തിരക്ക് കാരണമാണ് താരങ്ങള്‍ക്ക് പരിപാടി പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നത്.
മുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ശാന്തരാകന്‍ വിജയ് പറഞ്ഞെങ്കിലും ആരാധകര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് വിജയ്യും അനന്യയും വേദിവിട്ടിറങ്ങിയത്. തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടി നിര്‍ത്തി താരങ്ങള്‍ പോയത്.
മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക കിക്ക്ബോക്സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് 25നാണ് ‘ലൈഗര്‍’ റിലീസിനെത്തുന്നത്. അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ എത്തുന്നുണ്ട്.