
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ക്ക് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് 2024 ഡിസംബർ 20ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഹനീഫ് അദെനിയാണ് സംവിധാനം ചെയ്തത്. ചിത്രം ആദ്യ ദിനം തന്നെ 10.8 കോടിയാണ് ആഗോളതലത്തിൽ കരസ്ഥമാക്കിയത്. മലയാളത്തിലെ മോസ്റ്റ് മാസ്സീവ്-വയലൻസ് സിനിമയെന്ന അണിയറ പ്രവർത്തകരുടെ അവകാശവാദത്തോട് നൂറ് ശതമാനവും നീതി പുലർത്തിയ ചിത്രം എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. തന്റെ സഹോദരൻ കൊല്ലപ്പെട്ടതിന് പിന്നിലെ കാരണം അന്വേക്ഷിച്ച് മാർക്കോ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചതിയുടെയും വഞ്ചനയുടെയും ചുരുളുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന പ്രതികാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മാർക്കോയിലേക്കാണ്.
കണ്ടു പരിചയിച്ച മാസ്സ് മസാല റിവഞ്ച് ചിത്രങ്ങളിലെ സീക്വൻസുകൾ ചിത്രത്തിൽ കാണാമെങ്കിലും മലയാളത്തിൽ ഇങ്ങനൊരു സിനിമ ഇതാദ്യമായാണ്. വയലൻസ് എലമെന്റ് കൂടുതലുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ പവർ പെർഫോമൻസ് തീയറ്ററുകളിലെങ്ങും തീ പാറിച്ചിരിക്കുകയാണ്. മലയാളത്തിൽ മാസ്സ് ആക്ഷൻ റോളുകൾ ഉണ്ണി മുകുന്ദന്റെ കരങ്ങളിൽ തീർത്തും സുരക്ഷിതമാണെന്ന് ഉറപ്പിച്ചിരിക്കുവാണ് ‘മാർക്കോ’. അന്യഭാഷ സിനിമകളോട് താരതമ്യം ചെയ്യുമ്പോൾ മാർക്കോയും ഉണ്ണി മുകുന്ദനും വേറെ തലത്തിലേക്ക് ഉയരുകയാണ്. മാർക്കോയിലൂടെ ഉണ്ണി മുകുന്ദന്റെ കരിയർ ബിഗ് ടിക്കറ്റ് സ്റ്റാർ ലെവലിലേക്ക് മാറുന്നു എന്ന് സാരം.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺന്റെ ആക്ഷൻ കോറിയോഗ്രഫി എടുത്ത് പറയാതിരിക്കാൻ കഴിയില്ല. പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് ഉറപ്പിച്ച് പറയാം. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്രൂരിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ചന്ദ്രു സെൽവരാജിന്റെ ദൃശ്യാവിഷ്ക്കാരവും പ്രശംസിക്കേണ്ടതുണ്ട്.

2019 ജനുവരി 18ന് പുറത്തിറങ്ങിയ ഹനീഫ് അദേനി ചിത്രം ‘മിഖായേൽ’ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ‘മാർക്കോ ജൂനിയർ’നെ ഫോക്കസ് ചെയ്ത് ഒരുക്കിയ സ്പിൻ ഓഫാണ് ‘മാർക്കോ’. മാർക്കോയായി എത്തിയ ഉണ്ണി മുകുന്ദന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം കാണാനാവുന്നത്. ജഗദീഷിന്റെയും സിദ്ദീഖിന്റെയും വ്യത്യസ്ഥമായ വേഷപ്പകർച്ചയും ഭാവപ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. അവർ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും മാറ്റി നിർത്താവുന്ന കഥാപാത്രങ്ങളുമായാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കബീർ ദുഹാൻസിംഗും, അഭിമന്യു തിലകനും തന്റെ കഥാപാത്രത്തെ ഗംഭീരമായ് കൈകാര്യം ചെയ്തിട്ടുണ്ട്. ആൻസൺ പോൾ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ലോലഹൃദയമുള്ളവർക്കല്ല ‘മാർക്കോ’ എന്ന് അണിയറ പ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഫീൽ ഗുഡ് ചിത്രം പ്രതീക്ഷിച്ചാരും ‘മാർക്കോ’ കാണാൻ പോവേണ്ട. മലയാളത്തിൽ ഇത്തരത്തിലൊരു വയലൻസ് ചിത്രം പ്രദർശനത്തിലെത്തിച്ചതിൽ ക്യൂബ്സ് എന്റർടൈൻമെന്റ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡ് കാണുമ്പോൾ തന്നെ ചിത്രത്തിന്റെ ക്വാളിറ്റി പ്രേക്ഷകർക്ക് മനസ്സിലാവും. മാർക്കോ തീർത്തും മലയാള സിനിമയ്ക്ക് ഒരു ബെഞ്ച് മാർക്ക് തന്നെയാണ് എന്നാണ് നിരൂപകരും പ്രേക്ഷകരും ഉറപ്പിക്കുന്നത്.
