ചെറിയ ഇടവേളയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ മികച്ച കൂട്ടായ്മ കൊണ്ട് പ്രേക്ഷകർക്ക് ഒരു ഔട്ട് ആൻഡ് ഔട്ട് എന്റര്‍ടെയ്നിംഗ് സിനിമ ലഭിച്ചിരിക്കുന്നു. ബേസിലിന്റെ ‘നുണക്കുഴി’ മുഴുവനായും ചിരിയ്ക്ക് സമർപ്പിച്ച കാഴ്‍ചയാണെന്ന് പറയാം ജീത്തു ‘നുണക്കുഴി’യിൽ ചിരിക്കൊപ്പം ചെറുതായി ത്രില്ലറിന്റെ ചുരുളുകളും ചേർത്തിരിക്കുന്നു.

സമ്പന്നമായ കുടുംബത്തില്‍ ജനിച്ച എബിയെന്ന കഥാപാത്രമായി എത്തുന്ന ബേസില്‍ ജോസഫ്, തന്റെ അച്ഛന്റെ കമ്പനികളുടെ എംഡി ചുമതലയെടുക്കുമ്പോള്‍ നേരിടുന്ന അസ്വസ്ഥതകളും അതിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ സുപ്രധാനമായ ഘട്ടത്തിൽ, എബിയുടെ കമ്പനിയില്‍ ആധായ നികുതി വകുപ്പിൻ്റെ റെയ്‍ഡ് നടക്കുകയും അതിനെ തുടർന്ന് എബിയുടെ വ്യക്തിഗത ലാപ്ടോപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ഈ ലാപ്ടോപ്പിലാണ് നുണക്കുഴിയുടെ കഥയിലെ പ്രധാന വഴിത്തിരിവുകൾ ഒളിഞ്ഞ് കിടക്കുന്നത്, പൊടുന്നനെ വെളിപ്പെടുത്തപ്പെടുന്നത്, ആ രഹസ്യം എന്താണെന്നത് കൂടുതൽ വെളിപ്പെടുത്താതെ, നുണക്കുഴിയുടെ രസത്തിന്റെയും നിഗൂഢതയുടെയും മധുരം പ്രേക്ഷകർക്ക് നേരിൽ തന്നെ തീയറ്ററിൽ അനുഭവിച്ചറിയേണ്ട ഒന്നാണ്.

ബേസില്‍ ജോസഫിന്റെ പ്രകടനം തന്നെയാണ് സംവിധായക മികവിനും തിരക്കഥയുടെ മികവിനും ഒപ്പം നുണക്കുഴിയുടെ നട്ടെല്ലായി മാറുന്നത്. കോമഡി – ടൈമിംഗില്‍ ബേസില്‍ തന്റെ തനതായ മിടുക്കും ശൈലിയും നുണക്കുഴിയിലും തുടരുന്നു. എബിയെന്ന കഥാപാത്രമായുള്ള ബേസിലിൻ്റെ പരകായ പ്രവേശം പൂർണമായി വിജയമായിരിക്കുന്നു എന്ന് ചിത്രം കാണുന്ന ഓരോരുത്തർക്കും മനസ്സിലാകും, ഈ കഥാപാത്രത്തിന്‍റെ ഓരോ നിലകളും അദ്ദേഹം മികച്ച രീതിയില്‍ കാഴ്ച്ചകാരെ അനുഭവപ്പെടുത്തുന്നുണ്ട് . ഗ്രേസ് ആന്റണി, സിദ്ധിഖ്, ബൈജു, മനോജ് കെ ജയൻ, അല്‍ത്താഫ്, സൈജു കുറുപ്പ് തുടങ്ങിയവരും തങ്ങളുടെ അഭിനയത്തിലൂടെ ചിത്രത്തിൽ ചിരി പകർന്നുനല്‍കുന്നു. അതേസമയം, അജു വര്‍ഗീസ് സീരിയസായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . അത് പ്രേക്ഷകർക്ക് ഇതുവരെ അജു ചെയ്തതിൽ നിന്ന് പുതിയ ആഖ്യാന അനുഭവമായി മാറുന്നു എന്നു പറയാം.

ത്രില്ലർ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ള ജീത്തു ജീത്തു ജോസഫ് തനിക്ക് ഏത് തരം ജോണർ സിനിമകളും വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി അടിവരയിടുന്നു എന്ന് പറയാം. പുതിയ തലമുറയിലെ ആളുകൾക്കും പഴയ തലമുറയിലുള്ള വർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ജീത്തു ജോസഫ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

സിനിമയിലെ പാട്ടുകൾ, ചിരിയുടെ താളത്തിന് ഒത്തുനില്‍ക്കുന്നതായാണ്, വരികളില്‍ വിനായക് ശശികുമാറിന്റെ മിടുക്കും, സംഗീതത്തില്‍ വിഷ്‍ണു ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒത്തുചേർന്നിരിക്കുന്നു. സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം, വീക്ഷകരെ അവസാനത്തെ നിമിഷം വരെ ഒരവസാനിപ്പിക്കാത്ത ചിരിയിലേക്ക് കൊണ്ടു പോകുന്നു. ആകാംക്ഷയും ചിരിയും കൊണ്ട് മനസ്സ് നിറഞ്ഞ് “നുണക്കുഴി” കണ്ട് പ്രേക്ഷകന് തീയറ്ററിൽ നിന്ന് മടങ്ങാം.