
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂരജ്. ടെലിവിഷൻ മിമിക്രി വേദികളിലൂടെ ആയിരുന്നു താരം തിളങ്ങിയത്. ഇതു കൂടാതെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലും താരം ഒരു റോബോട്ട് ആയി അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമയിൽ മുഖം കാണിക്കുവാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് സൂരജ്. ഇതിന് കാരണം താരം ഇക്കഴിഞ്ഞ ബിഗ് ബോസ് പരിപാടിയിലെ മത്സരാർത്ഥിയായിരുന്നു എന്നതുകൊണ്ടാണ്.
പൊക്കം കുറഞ്ഞ ആളുകളുടെ പ്രതിനിധി ആയിട്ടായിരുന്നു താരം ഷോയിലേക്ക് എത്തിയത് എന്നായിരുന്നു പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ 100 ദിവസം പൂർത്തിയാക്കി എന്ന അപൂർവ്വ നേട്ടവും താരം സ്വന്തമാക്കി. ധാരാളം ഫിസിക്കൽ ടാസ്ക് നിറഞ്ഞ ഷോ ആണ് ബിഗ് ബോസ്. സൂരജിനെ പോലെയുള്ളവർക്ക് ഇങ്ങനത്തെ പരിപാടിയിൽ മത്സരിക്കാൻ സാധിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ അതിനെല്ലാം തന്റെ മികച്ച പ്രകടനം കൊണ്ടായിരുന്നു സൂരജ് മറുപടി നൽകിയത്. ഇപ്പോൾ സൂരജ് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“100 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ അതിജീവിച്ചത് വലിയ ഒരു അനുഭവം തന്നെയായിരുന്നു. ഒരുപാട് മികച്ച മത്സരാർത്ഥികളുടെ ഒപ്പം മത്സരിച്ച് മുന്നേറാൻ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ വീടിനുള്ളിൽ പ്രിവലേജ് ഒന്നും എടുക്കാൻ പാടില്ല എന്ന് ഞാൻ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. എല്ലാവരെയും പോലെ തന്നെ കളിക്കുവാൻ ആണ് ഞാൻ ആഗ്രഹിച്ചത്. എന്നെപ്പോലെയുള്ളവർക്ക് ഈ പരിപാടി അതിജീവിക്കാൻ കഴിയുമോ എന്നൊക്കെ ഒരുപാട് ആളുകൾ സംശയിച്ചിരുന്നു. അവർക്കുള്ള മറുപടിയാണ് എൻറെ യാത്ര” – സൂരജ് പറയുന്നു.
“ഞാൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗം ആളുകളിൽ ഒരു വ്യക്തിക്ക് എങ്കിലും ഞാൻ കാരണം പ്രചോദനം ഉണ്ടായിട്ടുണ്ട് എങ്കിൽ ഞാൻ വളരെ സന്തോഷവാനാണ്” – സൂരജ് കൂട്ടിച്ചേർത്തു. അതേസമയം ആദ്യ ആഴ്ചകളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സൂരജ് കേട്ടത്. വീട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടാതെ സേഫ് സോൺ കളിക്കുന്നു എന്നായിരുന്നു താരത്തിനെതിരെ വന്ന വിമർശനം. ഇതിൽ സൂരജ് പറയുന്ന മറുപടി ഇങ്ങനെയാണ് – “വീട്ടിലെ എല്ലാ മത്സരങ്ങളിലും ഞാൻ സജീവമായി പങ്കെടുത്തിട്ടുണ്ട്. എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. ഒന്നിൽ നിന്നും മാറി നിന്നിട്ടില്ല. പക്ഷേ ഞാൻ പ്രശ്നമുണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. ഞാൻ യഥാർത്ഥത്തിൽ എങ്ങനെയാണോ, അതുപോലെ തന്നെയായിരുന്നു വീട്ടിനുള്ളിൽ പെരുമാറിയത്” – സൂരജ് പറയുന്നു.