
മലയാള സിനിമയിൽ പുതു ചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണൻ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം കുറിച്ചു. പതിനെട്ട് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഈ വമ്പൻ സിനിമയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ശ്രീലങ്കയിലെ ലൊക്കെഷനിൽ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തത്. ഇന്നലെ ഫഹദ് ഫാസിലും എത്തി. മോഹൻലാൽ നേരത്തെ തന്നെ ശ്രീലങ്കയിലെത്തിയിരുന്നു. ആന്റോ ജോസഫാണ് പ്രൊഡ്യൂസർ. രാജേഷ് കൃഷ്ണയും സി വി സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ മോഹൻലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ സി ആർ സലിം ആദ്യ ക്ലാപ്പടിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാർജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രാഹകൻ. ശ്രീലങ്കക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായ് 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആൻ മെഗാ മീഡിയയാണ്.
പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ. പിആർഒ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്.
