
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചതോടെ ചിത്രത്തിന്റെ രണ്ടാംഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന രണ്ടാംഭാഗത്തിന് ‘വാഴ 2 – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുട്ടിട്ടുണ്ട്.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസ് തിരക്കഥ രചിച്ച ആദ്യഭാഗം രണ്ടാംഭാഗത്തിന് സൂചന നൽകിയാണ് അവസാനിക്കുന്നതെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ് പ്രഖ്യാപിച്ചത്. കണ്ടൻറ് ക്രിയേറ്റർമാരായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് എന്നിവരോടൊപ്പം മറ്റ് സോഷ്യൽ മീഡിയ താരങ്ങളും അണിനിരക്കുന്ന രണ്ടാംഭാഗത്തിൽ നിരവധി പുതുമുഖങ്ങൾ ഉണ്ടാവും എന്നാണ് വിപിൻ ദാസ് പറയുന്നത്. അഖിൽ ലൈലാസുരനാണ് ഛായാഗ്രാഹകൻ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല.

നീരജ് മാധവ് നായകനായെത്തിയ ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. 2024 ഓഗസ്റ്റ് 15ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കി ഗംഭീര കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചെറുപ്പക്കാരുടെ ജീവിത സാഹചര്യങ്ങളും മാനസിക സങ്കർഷങ്ങളും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച ആദ്യഭാഗത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ, ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.
ഒരുകൂട്ടം സുഹൃത്തുക്കളുടെ സ്‌കൂൾ-കോളേജ് കാലഘട്ടങ്ങളും ശേഷം ജോലി തേടിയുള്ള അവരുടെ അലച്ചിലും തുടർന്ന് അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ന്റെ പ്രമേയം. ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ൽ ദൃശ്യാവിഷ്കരിക്കുന്നത് മുതിർന്ന യുവാക്കളുടെ ജീവിത സാഹചര്യങ്ങളാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ‘വാഴ’ ഫ്രാൻചൈസിൽ തുടർ സിനിമകൾ വരുമെന്ന ചർച്ചയും സമൂഹ മാധ്യങ്ങളിൽ നിറയുന്നുണ്ട്.
